Monday, February 20, 2012

എന്താണു പ്രണയം?

അറിയാത്ത ഒരു സത്യത്തിനായി.........

എന്താണു പ്രണയം?
ഒരായിരം പ്രബന്ധങ്ങളതിനെക്കുറിച്ചു നാം വായിച്ചിരിക്കുന്നു,
വായിച്ചതെന്താണെന്നു പക്ഷേ, നമുക്കറിയുകയുമില്ല.
വ്യാഖ്യാന,ജ്യോതിഷ,വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ നാം വായിച്ചിരിക്കുന്നു,
തുടങ്ങിയതെവിടെയെന്നു നമുക്കൊട്ടറിയുകയുമില്ല.
കവിതയും പാട്ടുമായി
നാടോടിവഴക്കങ്ങളാകെ നാം മനപ്പാഠമാക്കിയിരിക്കുന്നു,
ഒരുവരി പോലും നമുക്കോര്‍മ്മ നില്‍ക്കുന്നില്ല.
 
പ്രണയത്തിന്റെ മഹര്‍ഷിമാരോടവരുടെയവസ്ഥയെക്കുറിച്ചു നാം ചോദിച്ചിരിക്കുന്നു, നമുക്കറിയുന്നതിലേറെയവര്‍ക്കറിയുകയില്ലെന്നു നാം കണ്ടുപിടിച്ചിരിക്കുന്നു. 
*
എന്താണു പ്രണയം?
അതിന്റെ ഒളിയിടമാരാഞ്ഞു നാം നടന്നു,
പെട്ടേനേ കൈയിലെന്നു നാമോർത്തപ്പോഴേക്കുമതാ,
അതു കുതറിയോടിക്കളഞ്ഞിരിക്കുന്നു.
എത്രയാണ്ടുകള്‍ കാടുകളിലതിന്റെ പിന്നാലെ നാമലഞ്ഞു,
നമുക്കു വഴി തെറ്റിയെന്നതേയുണ്ടായുള്ളു.
അതിന്റെ പിന്നാലെ നാം പോയി,
ആഫ്രിക്കയിലേക്ക്...ബംഗാളിലേക്ക്,
നേപ്പാള്‍ , കരീബിയൻ, മജോർക്കയിലേക്ക്,
ബ്രസീലിയൻ കാടുകളിലേക്കും,
എവിടെയും നാമെത്തിയെന്നില്ല.
പ്രണയത്തിന്റെ ജ്ഞാനികളോടവരുടെ വിശേഷങ്ങളെന്തൊക്കെയെന്നു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നു നാം കണ്ടുപിടിച്ചു.
*
എന്താണു പ്രണയം?
വിശുദ്ധന്മാരോടു നാം ചോദിച്ചു,
പുരാണങ്ങളിലെ വീരനായകന്മാരോടു നാം ചോദിച്ചു,
അവര്‍ പറഞ്ഞതതിമനോഹരമായ വചനങ്ങള്‍ തന്നെ,
നമുക്കു പക്ഷേ ബോദ്ധ്യം വന്നില്ല.
ഒരിക്കല്‍ സഹപാഠികളോടതിനെക്കുറിച്ചു നാം ചോദിച്ചിരുന്നു,
അവര്‍ പറഞ്ഞു, അതൊരു മനോരാജ്യക്കാരന്‍  കുട്ടിയാണെന്ന്,
ഏതോ നാഴ്സിസസ്പ്പൂവിനെക്കുറിച്ചവന്‍ കവിതയെഴുതിയിരുന്നുവെന്ന്,
അവന്റെ കീശ നിറയെ കായകളും പഴങ്ങളും ഉറുമ്പുകളുമായിരുന്നുവെന്ന്,
തൊഴിയേറ്റ പൂച്ചക്കുഞ്ഞുങ്ങളെ അവനാശ്വസിപ്പിച്ചിരുന്നുവെന്ന്.
പ്രണയത്തില്‍  വിദഗ്ധരായവരോടവരുടെ അനുഭവങ്ങളെക്കുറിച്ചു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നു നാം കണ്ടുപിടിച്ചു.
*
എന്താണു പ്രണയം?
ദൈവഭക്തരോടും സജ്ജനങ്ങളോടും നാമതിനെക്കുറിച്ചു ചോദിച്ചു...ഫലമുണ്ടായില്ല.
മതാനുയായികളോടു ചോദിച്ചു...ഫലമുണ്ടായില്ല.
കാമുകരോടു നാം ചോദിച്ചു, അവർ പറഞ്ഞു,
കുഞ്ഞിലേ അതു വീടു വിട്ടിറങ്ങിയതല്ലേ,
മാറത്തൊരു കിളിയെ അടുക്കിപ്പിടിച്ചും,
കൈയിലൊരു മരച്ചില്ല പിടിച്ചും?
അതിന്റെ സമപ്രായക്കാരോടതിന്റെ പ്രായത്തെക്കുറിച്ചു നാം ചോദിച്ചു,
കളിയാക്കുമ്പോലെ അവർ പറഞ്ഞു:
പ്രണയത്തിനൊരു പ്രായമുണ്ടായതെന്നാണാവോ?
*
എന്താണു പ്രണയം?
അതൊരു ദൈവശാസനമെന്നു നാം കേട്ടു,
കേട്ടതു നാം വിശ്വസിക്കുകയും ചെയ്തു;
അതൊരു സ്വർഗ്ഗീയനക്ഷത്രമെന്നു നാം കേട്ടു,
അതിനാലോരോ രാത്രിയും ജനാല തുറന്നു നാം നോക്കി...നാം കാത്തിരുന്നു;
അതൊരു മിന്നൽപ്പിണറാണെന്നു നാം കേട്ടു,,,
തൊട്ടാൽ തരിച്ചുപോവും നാമെന്നും;
മൂർച്ചപ്പെടുത്തിയ വാളാണതെന്നു നാം കേട്ടു,
ഉറയിൽ നിന്നൂരിയാലതു നമ്മെ ഹതരാക്കുമെന്നും;
പ്രണയത്തിന്റെ സ്ഥാനപതികളോടവരുടെ സഞ്ചാരങ്ങളെക്കുറിച്ചു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നു നാം കണ്ടുപിടിച്ചു.
*
എന്താണു പ്രണയം?
ര്‍ക്കിഡിന്റെ മുഖത്തു നാമതു കണ്ടു... 
നമുക്കതു പക്ഷേ, മനസ്സിലായതുമില്ല;
രാപ്പാടിയുടെ പാട്ടിലതു നാം കേട്ടു...
നമുക്കെന്നിട്ടുമതു മനസ്സിലായില്ല;
ഒരു മിന്നായം പോലെ നാമതിനെക്കണ്ടു,
ഒരു ഗോതമ്പുകതിരിന്മേല്‍,
ഒരു മാന്‍പേടയുടെ നടയി
ല്‍ ,
ഏപ്രിലിന്റെ നിറങ്ങളി
ല്‍
ഷോപ്പാങ്ങിന്റെ രചനകളില്‍
നമുക്കതു പക്ഷേ, ശ്രദ്ധയിൽ വന്നില്ല.
പ്രണയത്തിന്റെ പ്രവാചകന്മാരോടവരുടെ രഹസ്യങ്ങളെക്കുറിച്ചു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നും നാം കണ്ടുപിടിച്ചു.
*
ചരിത്രത്തിലെ പ്രണയരാജകുമാരന്മാരിലേക്കു നാം പിന്നെ തിരിഞ്ഞു,
ലൈലയുടെ ഉന്മത്തകാമുകനോടു നാമഭിപ്രായമാരാഞ്ഞു,
ലുബ്നായുടെ ഉന്മത്തകാമുകനോടു നാമഭിപ്രായമാരാഞ്ഞു,
പ്രണയത്തിന്റെ രാജകുമാരന്മാരെന്നു നാം വിളിച്ചവര്‍,
തങ്ങളുടെ പ്രണയത്തിലവരറിഞ്ഞിട്ടില്ല,
നാമറിഞ്ഞതിലേറെയാനന്ദമെന്നും നാം കണ്ടുപിടിച്ചു.